ഫസലുൽ Fotoshopi On Thursday, March 17, 2011 12 Comments

      ക്ലാസ്റൂമിൽ അതി ഭീകരമായ നിശ്ശബ്ദത, എല്ലാവരും പരസ്പരം പിറുപിറുക്കുന്നു. ചിലരൊക്കെ എന്നെ ഇടംകണ്ണിട്ടു നോക്കുന്നു. ആകെക്കൂടെ ഞാൻ എന്തു ചെയ്യണമെന്നറിയാതെ.....ഒരു വല്ലാത്ത അവസ്ഥ. ന്നാലും ഇതു വല്ലാത്തൊരു ചതിയായിപ്പോയി. ടൂറും പോയി വന്നു അന്നു കഴിച്ചത് മൊത്തം ആവിയായി പോയിട്ടുണ്ടാകും അന്നേരവാ ഇങ്ങനൊരു പൊല്ലാപ്പുമായി നമ്മടെ മാഷ് വന്നിരിക്കുന്നത്.
       എന്റെ നെഞ്ചിനുള്ളിൽ ഒരു തീഗോളം ഇങ്ങനെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഡാൻസ് കളിക്കുന്നു. ഇനിയും ഇരുന്നാൽ സംഗതി പാളും. പാവം ഒരു നിശ്കളങ്കൻ ക്രൂശിക്കപ്പെടുന്നത് ഞാൻ മനസിൽ കണ്ടു. ഞാൻ പതുക്കെ ബെഞ്ചിൽ നിന്നു എണീറ്റു. ആ ക്രൂരനായ ഗുരു പാവപ്പെട്ട ഒരു ശിഷ്യനെ ഒരു ദയയും ഇല്ലാതെ അടുത്തേക്ക് വിളിച്ചു. 'ഡാ ഇവിടെ വാഡാ' ഞാൻ സകല ഞാഡി ഞരമ്പുകളും തകർന്ന് നാലു പാടും നോക്കി. ഞാനപ്പം ആലോചിച്ചത് ക്ലാസ് റൂമിന്റെ അരമതിൽ ചാടി ഇറങ്ങി ഓട്യാലോ എന്നാരുന്നു. പക്ഷെ അതു പെട്ടന്നു തന്നെ വേണ്ടെന്നു വെച്ചു. കാരണം മറ്റൊന്നും അല്ല, ഉപ്പാന്റെ പച്ച കളറിലുള്ള വീതികൂടിയ ബെൽറ്റ് തന്നെ. ഇതെങ്ങനേയും വീട്ടിലെത്തിക്കാതെ നോക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ.

     തളരുകില്ല തകരുകില്ല ജീവനുള്ള നാൾ വരേ, എന്ന sfi (അടികിട്ടുമ്പോൾ മാത്രേ ഇങ്ങനൊരു മുദ്രാവാക്യം അവർ വിളിക്കാറുള്ളു.) മുദ്രാവാക്യം ഉറക്കെ മനസിൽ വിളിച്ച്കൊണ്ട് മാഷുടെ മുന്നിൽ തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ (?) നിന്നു. ഇതുവരെകാണാത്ത പോലെ മാഷ് എന്നെ തുറിച്ച് നോക്കി. (സത്യത്തിൽ മാഷ് എന്നെ മറക്കാൻ പാടില്ല. കാരണം സ്കൂളിലെ ലൈബ്രേറിയൻ മാഷാരുന്നു. ചുമ്മാണ്ടിരിക്കുമ്പം ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ അടിച്ചു മാറ്റുന്നത് ഒരു ഹോബിയായിരുന്നു. അതു ഒരു ദിവസം മാഷ് കയ്യോടെ പിടിക്കുകയും സ്നേഹത്തോടെ എന്റെ ചെവിയിൽ പിടിച്ച് തിരുമ്മി ക്ലാസ് റൂം വരെ കൊണ്ടാക്കുകയും ചെയ്തതാ. അതിനു ശേഷം പിന്നെ എന്നെ ആ വഴിക്ക് മാഷ് നടക്കാൻ അനുവദിച്ചിട്ടില്ല) 'ആഹാ, നീയാരുന്നോ, '  ഞാനൊന്നും മിണ്ടിയില്ല. ഇവിടെ പിടിക്കപ്പെട്ടാൽ. ആകെ ഗുലുമാലാകും. പ്രശ്നം എന്താന്നുവെച്ചാൽ ഉച്ചകഞ്ഞി കൊണ്ട് വരുന്ന പലരുടേയും മീൻ കഷ്ണങ്ങളും കോഴിമുട്ട പുഴുങ്ങിയതുമെല്ലാം കാണാതാവുന്നു എന്നൊരു കിംവദന്തി പൊതുവെ ക്ലാസ്സിൽ ഒരു അടക്കം പറച്ചിൽ ഉണ്ട്. അതെങ്ങാനും എന്റെ തലയിൽ അടിച്ചേല്പിച്ചാലൊ എന്നൊരു ഭയം. അല്ലാതെ പേടിയൊന്നുമില്ല.

        ക്ലാസ്സിലെ പെൺകുട്ടികൾ അടക്കമുള്ളവർ എനിക്ക്  സപ്പോർട്ട് ചെയ്തു. എന്നു കരുതി ഞാൻ ക്ലാസ്സിലെ മന്മദൻ ഒന്നുമല്ലട്ടാ,ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി(?) എന്ന നിലക്കുള്ള സപ്പോർട്ട്. അലമ്പിന്റെ സ്പെല്ലിംഗ് പോലും എനിക്കറീല്ല .( ഹും തന്നെ സത്യം) ഹും ..!! എവടെ സംഭവം അതൊന്നുമല്ല, പാവം ബാപ്പാന്റെ കാഷ് അടിച്ചുമാറ്റിയതിന്റെ പങ്കുപറ്റി മിഠായിയോ ബാലരമയോ പൂമ്പാറ്റയോ ഒക്കെ ഷെയർ ചെയ്തതല്ലെ, അതിന്റെ ഒരു നന്ദിയായിരിക്കും. ചുമ്മാ തലയും താഴ്ത്തി നിന്ന എന്നോട് അടുത്ത ചോദ്യം. 'നിന്റെ വേറെ ആരെങ്കിലും ഇവിടെ പഠിക്കുന്നുണ്ടോടാ'. പടച്ചോനേ; ഇയാൾ എന്നേം കൊണ്ടേ പോകൂ. എന്നും മനസിൽ പ്രാകി മിണ്ടതെ നിന്നു. എന്റെ ഒരു വയസിനു മാത്രം മൂത്ത എന്റെ കുന്താത്ത ഏഴാം ക്ലാസ്സിൽ പഠിക്കുന്നുണ്ടെന്നു  പറയാതെ എങ്ങനെങ്കിലും ഇതിൽ നിന്നു രക്ഷപ്പെടണം എന്നതു മാത്രായിരുന്നു എന്റെ അപ്പഴത്തെ ചിന്ത. പക്ഷെ അവിടെയും എന്നെ ഈ കണ്ട കുണ്ടിലൊക്കെ ചാടിച്ച എന്റെ അയൽവാസി ഫ്രണ്ട് ചാടിയങ്ങ് പറഞ്ഞ് കളഞ്ഞു . ഓന്റെ പെങ്ങൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നുണ്ടെന്ന്.
        
       'പോയി വിളിച്ചോണ്ട് വാടാ, നിന്നെയൊന്നും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ' എന്നു മാഷ്. ഞാൻ എന്റെ കഴിവിന്റെ പരമാവധി ദയനീയമായി മാഷെ നോക്കി. ദയയുടെ ഒരു കുഞ്ഞു കണിക പോലും അവിടെ കണ്ടില്ല. "പാപഭാരം ചുമക്കുന്ന കോവർ കഴുതയാണു ഞാൻ"  എന്ന ഗാനവും മൂളി ഞാൻ അവളുടെ ക്ലാസ്സ് റൂമിലേക്ക് നടന്നു. അവളുടെ ക്ലാസ്സ് ടീച്ചറുടെ അനുവാദവും വാങ്ങി അവളേയും കൂട്ടി എന്റെ ക്ലാസ്സിലേക്ക് നടന്നു. അവളോട് ഒരു മുങ്കൂർ ജാമ്യം എട്ക്കണമെന്നൊക്കെ എനിക്കൂണ്ട്. പക്ഷെ ഒരു വയസ് മാത്രം കൂടുതലുള്ള അവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ എനിക്ക് മനസില്ലാ എന്നു ദുരഭിമാനിയായ എന്റെ മനസ് എന്നോട് ഉള്ളിൽ ഇരുന്നു മന്ത്രിച്ച് കൊണ്ടിരുന്നു. എന്നു മാത്രല്ല, തമ്മിൽ തല്ലു കൂടുമ്പം ' കള്ളാ കള്ളാ കൊച്ചു കള്ളാ ' എന്നൊരു പ്രകോപനപരമായ മുദ്രാവാക്യം മാത്രമാണവൾക്ക് വിളിക്കാനുള്ളത്. അതിനിടയിൽ മറ്റൊന്നുകൂടി ഞാൻ തന്നെ ഇട്ടു കൊടുക്കുന്നത് ശരീരത്തിനു ഹാനികരമാണെന്നു വീണ്ടും മനസ് ഓർമപ്പെടുത്തി.
    ഉള്ളിലാകെ പട പട കുടു കുടു... എന്നൊക്കെ ശബ്ദവും (നെഞ്ചിടിക്കുന്നതണ് അല്ലാതെ പേടിച്ച് വയറിളകിയതല്ല) ആകെയൊരു വിറയലും ചൂടുമൊക്കെ. പടച്ചോനേ, ഇന്നേത് പണ്ടാറക്കാലനെയാണാവോ കണികണ്ടത്. ഹലാക്കിലെ ഔലും കഞ്ഞീം. വീട്ടിലെന്തായാലും കള്ളനായി. ഇനിയിപ്പം സ്കൂളിലും.................വയ്യ,,വയ്യ..!! ഒന്നും വേണ്ടാരുന്നു. വേണ്ടാരുന്നു മനസ്സ് മന്ത്രിച്ച്കൊണ്ടേയിരുന്നു.
    ' ഇവൻ ടൂർ പോകുന്നെന്നു വീട്ടിൽ പറഞ്ഞിരുന്നോ.?' അഷോകൻ മാഷുടെ ചോദ്യം കേട്ട് ഞാൻ എന്റെ കുന്താത്താനെ ദയനീയമായി നോക്കി. 'ഉം ഓൻ ഉപ്പാന്റെ കീശീന്ന് കാശ് എടുത്തു, 200 രൂപ' ഹമ്പട വിരുതാ എന്നു മാഷ്. ഞാനപ്പോഴും തലതാഴ്ത്തി നിന്നു. (തലപൊക്കി നിക്കാൻ ഞാൻ ഭയങ്കര ധീരകൃത്യം ഒന്നുമല്ലല്ലൊ ചെയ്തത്) ഒന്നു രണ്ട് ചോദ്യങ്ങൾ കൂടി അവളോട് ചോദിച്ച് മാഷ് അവളെ പറഞ്ഞ് വിട്ടു. അപ്പം തന്നെ എനിക്കൊരല്പം സമാധാനമായി. പിന്നീട് എനിക്കുള്ള ചോദ്യങ്ങളുടെ ഘോഷയാത്ര.
     'നീ ആരുടെ കയ്യിൽ കഷ് കൊടുത്തു, വീട്ടിൽ നിന്നുള്ള ഒപ്പിട്ട പേപ്പർ ആരുടെ കയ്യിൽ കൊടുത്തു' എന്നൊക്കെ, എനിക്കാകെ ഒരുത്തരമേയുള്ളു, 'എല്ലാം മാഷുടെ കയ്യിൽ തന്നെ'അറിയാതെയാണെങ്കിലും പകുതി രക്ഷപ്പെടുത്തിയ പെങ്ങളെ മനസിൽ സ്തുതിച്ചു. ഗൊച്ചുഗള്ളിക്കിന്ന് ഒരു പഞ്ചാര മുട്ടായി മാങ്ങിക്കൊടുക്കണം എന്നു ഞാൻ അപ്പംതന്നെ തീരുമാനിച്ചു. പാതി വിശ്വസിച്ച മാഷ് ചെറിയൊരു സംശയത്തോടെ വീണ്ടും എന്നെ നോക്കി. എന്നിട്ട് 13 രൂപ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. 'ടാ ഇതെങ്കിലും ഹംസാക്കാന്റെ ചായക്കടയിൽ കൊണ്ട്കൊടുക്കാതെ വീട്ടിൽ ഉപ്പാന്റെ അടുത്ത് കൊടുക്കണം' രക്ഷപ്പെട്ട ഒരാശ്വാസത്തോടെ ഞാൻ പതുക്കെ ബെഞ്ചിൽ പോയി ഇരുന്നു. മാഷ് ക്ലാസ്സിന്നു പുറത്ത് പോയ ഉടനെ ചോദ്യ പീഢനം അവസാനിച്ചതിലുള്ള ക്ഷീണത്തിൽ കിട്ടിയ 13 രൂപ കൊണ്ട് ഹംസാക്കാന്റെ ചായപ്പീടികയിലേക്ക് ഓടി.12 comments:

Jefu Jailaf said...

ഗൊള്ളാലൊ ഇതു.. :)

Pasukkadavu blogukal said...

ente pahaya....

mad|മാഡ് said...

കൊള്ളാം ഗുരോ ...

ആചാര്യന്‍ said...

kollaam nannayi kalla....athalla ingane oru maanjaalam kuzhiyum undo kunjaakka..good

sundar raj sundar said...

നന്നാവൂലാന്നു തീരുമാനിച്ചാ പിന്നെന്താ ചെയ്യാ ..പോയി അച്ചരം കൂട്ടി എവുതാന്‍ പഠിക്ക്ട്ടോ എയുതുമ്പോ അച്ചര പുടത മാണം...അച്ചര പുടത.... ..കേട്ട്ക്കല്ലേ

~ex-pravasini* said...

കുന്താത്തയോ...
അതെന്താത്തയാ...
ഞങ്ങള്‍ കുഞ്ഞാത്ത എന്ന് പറയാറുണ്ട്‌.
നന്നായെഴുതി,,ഗൊള്ളാല്ലൊ,ഗള്ളന്‍..

ഫസലുൽ Fotoshopi said...

കുന്താത്തക്ക് വേറൊരു കഥയുണ്ട് പ്രവാസിനി. അന്നു കുന്താത്താ എന്നു വിളിച്ചാൽ അവൾ വാളെറ്റുക്കുമാരുന്നു.

manni_muth said...

ഹായ് നല്ല എഴുത്ത് കേട്ടോ. ആളു കൊള്ളാലോ.

ഫസലുൽ Fotoshopi said...

നന്ദി റാക്ക്. നമ്മൾ അറിയുന്നവരുടെ അംഗീകാരം കൂടുതൽ സന്തോഷം നൽകും.

ശ്രീജിത്ത് മൂത്തേടത്ത് said...

ഹൗ..
നന്നായിട്ടുണ്ട്..

അനാമിക said...

ഫസലോ ...നല്ല രസമായിരുന്നു വായിക്കാന്‍... :) ഞാനും എന്റെ അനിയന് ഇതുപോലെ കുറെ പാരകള്‍ പണിതിട്ടുണ്ട്.അതൊക്കെ ഓര്‍ത്തു .ഫോട്ടോഷോപ്പ് മാത്രല്ല എഴുത്തും വഴങ്ങും അല്ലെ നിനക്ക്. :)

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ആദ്യഭാഗം കൂടി വായിച്ചാലേ അക്കിടി പിടികിടൂ. ഏതായാലും സംഗതി കൊള്ളാം!!

Post a Comment

ഇജ്ജ് മുണ്ടാണ്ട് പോകല്ലെ കോയാ, അന്റെ ചന്തിക്ക് അടിട്ടും ഞ്ജെ കജ്ജിന്ന്