ആദ്യ ഭാഗം വായിക്കാത്തവർക്ക് ഇവിടെ കുത്തി വായിക്കാം.
ക്ലാസ്റൂമിൽ അതി ഭീകരമായ നിശ്ശബ്ദത, എല്ലാവരും പരസ്പരം പിറുപിറുക്കുന്നു. ചിലരൊക്കെ എന്നെ ഇടംകണ്ണിട്ടു നോക്കുന്നു. ആകെക്കൂടെ ഞാൻ എന്തു ചെയ്യണമെന്നറിയാതെ.....ഒരു വല്ലാത്ത അവസ്ഥ. ന്നാലും ഇതു വല്ലാത്തൊരു ചതിയായിപ്പോയി. ടൂറും പോയി വന്നു അന്നു കഴിച്ചത് മൊത്തം ആവിയായി പോയിട്ടുണ്ടാകും അന്നേരവാ ഇങ്ങനൊരു പൊല്ലാപ്പുമായി നമ്മടെ മാഷ് വന്നിരിക്കുന്നത്.എന്റെ നെഞ്ചിനുള്ളിൽ ഒരു തീഗോളം ഇങ്ങനെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഡാൻസ് കളിക്കുന്നു. ഇനിയും ഇരുന്നാൽ സംഗതി പാളും. പാവം ഒരു നിശ്കളങ്കൻ ക്രൂശിക്കപ്പെടുന്നത് ഞാൻ മനസിൽ കണ്ടു. ഞാൻ പതുക്കെ ബെഞ്ചിൽ നിന്നു എണീറ്റു. ആ ക്രൂരനായ ഗുരു പാവപ്പെട്ട ഒരു ശിഷ്യനെ ഒരു ദയയും ഇല്ലാതെ അടുത്തേക്ക് വിളിച്ചു. 'ഡാ ഇവിടെ വാഡാ' ഞാൻ സകല ഞാഡി ഞരമ്പുകളും തകർന്ന് നാലു പാടും നോക്കി. ഞാനപ്പം ആലോചിച്ചത് ക്ലാസ് റൂമിന്റെ അരമതിൽ ചാടി ഇറങ്ങി ഓട്യാലോ എന്നാരുന്നു. പക്ഷെ അതു പെട്ടന്നു തന്നെ വേണ്ടെന്നു വെച്ചു. കാരണം മറ്റൊന്നും അല്ല, ഉപ്പാന്റെ പച്ച കളറിലുള്ള വീതികൂടിയ ബെൽറ്റ് തന്നെ. ഇതെങ്ങനേയും വീട്ടിലെത്തിക്കാതെ നോക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ.






